ഓവർവ്യൂ
നഗരങ്ങളിലെ എച്ചിൽ കൂമ്പരങ്ങളിൽ നിന്നും നായ്ക്കളോടൊപ്പമിരുന്ന് വിശപ്പടക്കുന്ന മനുഷ്യ ജീവനുകൾ ഇന്നും സമൂഹത്തിലുണ്ട്. തന്റെ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണത്തിനായി കെഞ്ചുമ്പോൾ സമൂഹം ഭ്രാന്തനെന്നു ചിത്രീകരിച്ച് ആട്ടിയോടിക്കുന്ന ജീവനുകൾക്ക് അത്താണിയാവുക എന്നതാണ് ന്യൂ മലബാർ പുനരധിവാസകേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനലക്ഷ്യം. മനുഷ്യരാണെന്ന് പോലും കണ്ടാൽ തിരിച്ചറിയാതെ താടിയും മുടിയും കൊണ്ട് മുഖം മുഴുവൻ മറഞ്ഞ്, ശരീരത്തിൽ വസ്ത്രങ്ങൾ ഒട്ടിപ്പിടിച്ച്, അഞ്ചാറ് ഷർട്ടുകളും ധരിച്ച് വഴിയോരങ്ങളിലും കടതിണ്ണകളിലും കഴിയുന്ന തെരുവ് ജീവിനങ്ങളെ കണ്ടെത്തി, അവരെ ശുശ്രൂഷിച്ച് സന്തോഷപ്രദവും മാന്യവുമായ ജീവിതം നയിക്കാൻ അവരെ ഇൗ പുനരധിവാസ കേന്ദ്രം സഹായിക്കുന്നു. ദേഹത്ത് വസ്ത്രം ഒട്ടിയിരിക്കുന്നതിൽ ചെത്തി മുറിച്ചെടുക്കേണ്ട അവസ്ഥകൾ പോലും ഉണ്ടായിട്ടുണ്ടെന്ന് പറയാം. മുത്തവും വിനുവും കുഞ്ഞമ്പാടിയുമെല്ലാം ഇങ്ങനെയുളള അവസ്ഥകളിൽ നിന്നും പുതിയ ജീവിതത്തിലേക്കെത്തിയ ഉദാഹരണങ്ങളാണ്. നടന്നുപോകുന്നതിനിടയിൽ താൻ അറിയാതെ തന്നെ മലമൂത്ര വിസർജനം ചെയ്ത്, വീടുകൾ തോറും ഒരു നേരത്തെ ഭക്ഷണത്തിനായി ഭിക്ഷയാചിത്തുകൊണ്ട് നടന്നിട്ടും ദുർഗന്ധം വമിക്കുന്നതിനാൽ ആളുകൾ ആട്ടിയോടിക്കുകയും ദിവസങ്ങൾ തോറും ഭക്ഷണം കഴിക്കാതെ തളർന്ന് വീഴുകയും ചെയ്ത മുസ്തഫയെ ഇൗ അവസ്ഥയിൽ നിന്നും പുതിയ ജീ്വിതത്തിലേക്കെത്തിക്കാൻ ഇൗ സ്ഥാപനം തുണയായതിനാൽ അദ്ദേഹം ഇന്ന് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം എന്ന ഇൗ സ്ഥാപനത്തിന്റെ ഏറ്റവും മികച്ച ശുശ്രൂഷകനായി വർത്തിക്കുന്നു.